ന്യൂഡല്‍ഹി: ഓഹരിക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് സുപ്രിംകോടതി. ഹിന്റന്‍ബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്ധർ, കെവി കാമത്ത്, നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയെ മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയാണ് നയിക്കുക. സമിതിയിൽ ഇൻഫോസിസ് മുൻ സി ഇ ഒ നന്ദൻ നിലേകനിയെ കൂടി സുപ്രീം കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യോടും കോടതി നിർദേശിച്ചു.
അന്വേഷണത്തിനായി രൂപീകരിച്ച സമിതിയുമായി എല്ലാ വിധത്തിൽ സഹകരിക്കണമെന്ന് കേന്ദ്രത്തോടും സാമ്പത്തിക സ്ഥാപനങ്ങളോടും സെബി ചെയർപേഴ്സണോടും കോടതി നിർദേശിച്ചു.
ഹിൻഡൻബർഗ് വിവാദത്തിലെ ഹർജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അഭിഭാഷകരായ എംഎൽ ശർമ്മ, വിശാൽ തിവാരി എന്നിവരാണ് ഹിൻഡൻബർഗ് വിഷയത്തിൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂർ നൽകിയ ഹർജിയും കോടതിയിൽ എത്തിയിരുന്നു.