വിമാനത്താവള നടത്തിപ്പില്‍ ഉപകരാറിനൊരുങ്ങി അദാനി ഗ്രൂപ്പ് ; ചർച്ചകള്‍ ആരംഭിച്ചു

Jaihind News Bureau
Saturday, August 22, 2020

വിമാനത്താവള നടത്തിപ്പ് സംബന്ധിച്ച് ഉപകരാര്‍ നല്‍കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇതിനായി വിദേശ കമ്പനികളുമായി ചർച്ചകള്‍ ആരംഭിച്ചു. നേരത്തെ അദാനി ഗ്രൂപ്പിന് കൈമാറിയ അഹമ്മദാബാദ്, മംഗളൂരു, ലക്നൗ എന്നാ വിമാനത്താവളങ്ങളുടെ നടത്തിപ്പില്‍ ഉപകരാർ നല്‍കാനാണ് അദാനി ഗ്രൂപ്പ് തയാറെടുക്കുന്നത്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് നവംബറിന് മുമ്പ് ഏറ്റെടുക്കണമെന്ന് അദാനി ഗ്രൂപ്പിന് നിർദേശമുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഉപകരാര്‍ സംബന്ധിച്ച ചർച്ചകള്‍ അദാനി ഗ്രൂപ്പ് സജീവമാക്കിയിരിക്കുന്നത്.

ഉപകരാറിന് ജർമ്മനിയിലെ മ്യൂണിക് വിമാനത്താവള കമ്പനി സഹകരിച്ചേക്കുമെന്നാണ് വിവരം. മറ്റ് ചില വിദേശകമ്പനികളുമായും അദാനി ചർച്ച തുടരുന്നുണ്ട്. എന്നാൽ തിരുവനന്തപുരത്തെ വിഷയത്തിൽ വിമാനത്താവളം കൈമാറുന്നതിനുള്ള തീരുമാനം മാത്രമേ നിലവില്‍ ഉണ്ടായിട്ടുള്ളൂ. ഹൈക്കോടതിയുടെ തീരുമാനം കൂടി വരേണ്ടതുള്ളതിനാല്‍ പിന്നീടാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക.

അതേസമയം വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ സംസ്ഥാനം സന്നദ്ധത അറിയിച്ചെങ്കിലും ഇതും മറികടന്ന് അദാനി ഗ്രൂപ്പിന് നല്‍കുകയായിരുന്നു. അതേസമയം തിരുവനന്തപുരം വിമാനത്താവള വികസനത്തിനായുളള സ്ഥലം ഏറ്റെടുപ്പ് അനിശ്ചിതത്വത്തിലാണ്. അദാനി വന്നാൽ ഭൂമി ഏറ്റെടുക്കലിന് മുൻകൈയെടുക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്.