സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍; കേന്ദ്രനടപടി തെറ്റെന്ന് എ.കെ ആന്‍റണി; ‘ശക്തമായ പ്രതിഷേധം ഉയരണം’

Jaihind News Bureau
Wednesday, August 19, 2020

 

ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും  തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിന്‍റെ മറവില്‍ തന്ത്രപ്രധാന പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തിരുവനന്തപുരം ഉള്‍പ്പെടെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് കേന്ദ്രം അദാനി ഗ്രൂപ്പിന് കൈമാറിയത്. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെയെല്ലാം ചുമതല ഇനി അദാനി ​ഗ്രൂപ്പിനായിരിക്കും. ടെൻഡറിൽ കൂടുതൽ തുക നിർദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏൽപിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളം വികസിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.