നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Jaihind Webdesk
Thursday, December 7, 2023

 

കൊച്ചി: നടിയെ അക്രമിച്ച കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉത്തരവ്. അതിജീവിത സമർപ്പിച്ച ഹർജി തള്ളണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി.

ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഇതില്‍ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കില്‍ പോലീസിന്‍റെയോ മറ്റുഏജന്‍സികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മെമ്മറി കാര്‍ഡ് ഒരു വിവോ മൊബൈല്‍ഫോണിലിട്ട് പരിശോധിച്ചെന്നും വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് മാത്രമെടുക്കുകയും ഫോണ്‍ വെള്ളത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി ഇതേ മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിക്കുകയായിരുന്നു. അതിജീവിതയുടെ ഹർജി തള്ളണമെന്ന ആവശ്യം തളളിയ കോടതി എന്തിനാണ് ആശങ്കപ്പെടുന്നതെന്നും ദിലീപിനോട് ചോദിച്ചു.