നടിയെ ആക്രമിച്ച കേസ് : ഗണേഷ് കുമാർ എംഎല്‍എയുടെ സെക്രട്ടറി  പ്രദീപ് കുമാർ നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ

Jaihind News Bureau
Wednesday, November 25, 2020

 

കാസർകോട്: നടിയെ ആക്രമിച്ച കേസിലെ  മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ കെ.ബി ഗണേഷ് കുമാർ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി  പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48 മണിക്കൂർ നേരത്തെ ഇടവേളയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്നും ഹൊസ്ദുർ​ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഈ മാസം 30ന് പരി​ഗണിക്കും.

ബേക്കൽ പൊലീസ് ഇന്നലെ പുലർച്ചെ അഞ്ചിന് ഗണേഷ്കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വീട്ടിൽ നിന്നാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു സഹായം തേടി തിങ്കളാഴ്ച രാത്രി 10ന് പത്തനാപുരം ഇൻസ്പെക്ടർക്ക് ബേക്കൽ പൊലീസിന്റെ സന്ദേശം എത്തിയിരുന്നു. പുലർച്ചെ അഞ്ചിന് എംഎൽഎയുടെ വീട് പൊലീസ് വളഞ്ഞു. അന്വേഷണ സംഘത്തിലൊരാൾ വാതിലിൽ മുട്ടി. ഏറെ നേരത്തിനു ശേഷം വാതിൽ തുറന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രദീപിനെയും കൂട്ടി പൊലീസ് കാസർകോ‍ട്ടേക്കു തിരിച്ചു.

പ്രദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ കോടതി കഴിഞ്ഞ‌ദിവസം തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ നേരിട്ട് വന്നും ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തി എന്നുമുള്ള കേസിലാണ് അറസ്റ്റ്. ദിലീപിന്റെ വക്കീൽ ഗുമസ്ഥൻ എന്ന പേരിലാണു പ്രദീപ് കാസർകോട് എത്തിയത്.