
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെതിരെയുള്ള ഗൂഢാലോചന ആരോപണങ്ങള്‍ സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിപ്പകര്‍പ്പില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. പുറത്തുവന്ന 1711 പേജുള്ള വിധിന്യായത്തിന്റെ പകര്‍പ്പിലാണ് അന്വേഷണ സംഘത്തിന്റെ വീഴ്ചകളും കോടതിയുടെ നിര്‍ണ്ണായക നിരീക്ഷണങ്ങളും വ്യക്തമാക്കുന്നത്. ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയെന്ന വാദത്തിനും തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍, അന്നത്തെ സാഹചര്യത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിന്റെ നടപടിയില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. തെളിവില്ലെങ്കിലും അറസ്റ്റ് അന്യായമായി കണക്കാക്കാനാവില്ല. സുനിയും ദിലീപും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഗൂഢാലോചന നടന്നത് 2013-ല്‍ ആണെന്നും കുറ്റകൃത്യം നടന്നത് 2017-ല്‍ ആണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദത്തിലെ സമയ വ്യത്യാസം കോടതി ചൂണ്ടിക്കാട്ടി. ഈ നാല് വര്‍ഷത്തെ കാലയളവില്‍ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. സുനി ഒളിവില്‍ പോയെന്ന വാദം നിലനില്‍ക്കില്ലെന്നും, ചില ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നുവെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചന ആരോപിക്കുമ്പോള്‍ പ്രതിയുടെ ഓരോ നീക്കവും അന്വേഷിക്കേണ്ടതായിരുന്നു. കൂടാതെ, ദിലീപ് അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പോലീസിന് സാധിച്ചില്ല.
വിവാഹമോതിരത്തിന്റെ ചിത്രം വ്യക്തമായി എടുത്ത് നല്‍കാന്‍ ദിലീപ് നിര്‍ദേശിച്ചു എന്ന വാദം കോടതി തള്ളി. അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമാണ് ഈ വാദം വന്നത്. ആദ്യ റിപ്പോര്‍ട്ടുകളില്‍ മോതിരത്തെക്കുറിച്ച് പരാമര്‍ശമില്ല. അതിജീവിതയുടെ മൊഴിയുമായി ചേര്‍ന്നുപോകാന്‍ വേണ്ടിയാണോ ഈ പരാമര്‍ശം കൂട്ടിച്ചേര്‍ത്തതെന്നും കോടതി സംശയം ഉന്നയിച്ചു. അതിനാല്‍ ഒന്നാം പ്രതിയും എട്ടാം പ്രതിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന വാദം നിലനില്‍ക്കില്ല. ജയിലിനുള്ളിലെ ഫോണ്‍ വിളികളിലും കോടതി സംശയം പ്രകടിപ്പിച്ചു. സാക്ഷിയായ ജിന്‍സണ്‍ എന്തുകൊണ്ട് പ്രതിയായില്ല എന്ന ചോദ്യം കോടതി ഉന്നയിക്കുകയും, മൊബൈല്‍ ചാര്‍ജ് ചെയ്ത ചാര്‍ജര്‍ അന്വേഷിച്ചില്ല എന്നും വിമര്‍ശിച്ചു. കോടതിക്കും ജഡ്ജിക്കുമെതിരെയുള്ള ആരോപണങ്ങള്‍ അവഗണിച്ച കോടതി, ‘ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പാക്കണം’ എന്ന തത്വത്തില്‍ വിശ്വസിക്കുന്നുവെന്നും വിധിയില്‍ എടുത്തുപറഞ്ഞു.