നടിയെ ആക്രമിച്ച കേസ്; ഹര്‍ജികള്‍ പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റി

Jaihind Webdesk
Tuesday, December 13, 2022

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍  ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരിയിലേക്ക് മാറ്റി. ദിലീപിന്‍റെത്  ഉള്‍പ്പടെയുള്ള ഹര്‍ജികളാണ് മാറ്റി വെച്ചത്. വിചാരണ പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ വേഗത്തില്‍ സ്വീകരിച്ച് വരുന്നതായി വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചു. വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസ്, കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന തല്‍സ്ഥിതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വിചാരണ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.കേസിലെ പ്രധാന സാക്ഷികളായ മഞ്ജു വാര്യര്‍, സാഗര്‍ വിന്‍സെന്റ്, ജിന്‍സണ്‍ എന്നിവരുടെ വിചാരണ തടയണം എന്നാണ് ദിലീപിന്‍റെ പ്രധാന ആവശ്യം.

ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ദിപങ്കര്‍ ദത്തയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.