കൊച്ചി : നടന് റിസബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 55 വയസായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലിരിക്കേയാണ് അന്ത്യം. നാടകരംഗത്തുനിന്ന് സിനിമയിലേക്കെത്തിയ റിസബാവ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ റിസബാവ സ്വഭാവ വേഷങ്ങളിലും തിളങ്ങി. ഇന്‍ ഹരിഹർ നഗര്‍, അനിയന് ബാവ ചേട്ടന് ബാവ, ചമ്പക്കുളം തച്ചന്, ഡോക്ടര്‍ പശുപതി തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ച റിസബാവ തുടർന്നിങ്ങോട്ട് നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടി.
1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനനം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ‘തീ വെളിച്ചമാണ്’ എന്ന നാടകത്തിലൂടെയാണ് അഭിനയ ലോകത്തേക്കുള്ള കടന്നുവരവ്. നാടകത്തിനും സിനിമയ്ക്കും പുറമെ നിരവധി സീരിയലുകളിലും റിസബാവ കഥാപാത്രമായി പകർന്നാടി. ഡോക്ടർ പശുപതി, ആനവാൽ മോതിരം, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, വധു ഡോക്ടറാണ്, അനിയൻ ബാവ ചേട്ടൻ ബാവ ഊമപെണ്ണിന് ഉരിയാടാ പയ്യൻ, പോക്കിരി രാജ, സിംഹാസനം തടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. മമ്മൂട്ടി ചിത്രം വണ്ണിലാണ് ഒടുവിൽ വേഷമിട്ടത്.