
നടന് പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍. കോട്ടയത്ത് കെപിസിസി സംഘടിപ്പിച്ച സംസ്കാര സാഹിതിയുടെ സമാപന പരിപാടിയില്‍ വിശിഷ്ടാതിഥിയായാണ് പ്രേംകുമാര്‍ പങ്കെടുത്തത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ആണ് പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍ എത്തുന്നത്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്നും തന്നെ മാറ്റിയതിനെതിരെ പ്രേംകുമാര്‍ സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ അദ്ദേഹം തന്റെ കുടുംബത്തിന്റെ കോണ്‍ഗ്രസ് പശ്ചാത്തലവും കെഎസ്യുകാലത്തെ ഓര്‍മകളും പങ്കുവെച്ചിരുന്നു.
കലാകാരന് അതിരുകളില്ലാത്ത സ്വാതന്ത്ര്യം ഉണ്ടാകണം, സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് പ്രേംകുമാര്‍ പറഞ്ഞു. ഫാസിസം ഏറ്റവും ഭയപ്പെടുന്നത് എഴുത്തുകാരന്റെ മൂര്‍ച്ഛയുള്ള വാക്കുകളെയാണെന്നും കലാകാരന്റെ ഏറ്റവും ശക്തമായ ആവിഷ്കാരമാണ് കലയെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അത്തരം ആവിഷ്കാരങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ ഉന്മൂലനം ചെയ്യാന്‍ അവര്‍ തയ്യാറാകുന്നതെന്നും പ്രേംകുമാര്‍ വ്യക്തമാക്കി. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നു. എതിര് ശബ്ദങ്ങളെ നിശബ്ദമാക്കുന്നു. അത്തരം ഫാസിസം ഉണ്ടാകരുത്. ഇന്നത്തെ ഒരു നാടക കലാകാരന് താന്‍ മനസ്സില്‍ ഉദ്ദേശിക്കുന്ന ആശയം അവതരിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.