നടന്‍ കെ.ടി.എസ് പടന്നയില്‍ അന്തരിച്ചു

Jaihind Webdesk
Thursday, July 22, 2021

 

കൊച്ചി : സിനിമാ-സീരിയല്‍ താരം കെ.ടി.എസ് പപടന്നയിൽ (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലോടെയായിരുന്നു അന്ത്യം.

14 ലേറെ ചിത്രങ്ങളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. ഹാസ്യ കഥാപാത്രങ്ങളെ തന്‍റേതായ അഭിനയശൈലിയിലൂടെ ശ്രദ്ധേയമാക്കി. രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവ ആണ് ആദ്യ ചിത്രം. വൃദ്ധന്‍മാരെ സൂക്ഷിക്കുക, ആദ്യത്തെ കൺമണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ തിരക്കുള്ള നടനായി അദ്ദേഹം മാറി. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയില്‍ പെട്ടിക്കട നടത്തിയിരുന്നു.

പ്രൊഫഷണല്‍ നാടകരംഗത്ത് 50 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്.  വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങി ഒട്ടേറെ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ രമണി, മക്കള്‍: ശ്യാം, സ്വപ്ന, സന്നന്‍, സാജന്‍.