ചലച്ചിത്ര താരം കൊച്ചുപ്രേമന്‍ അന്തരിച്ചു

Saturday, December 3, 2022

തിരുവനന്തപുരം: ചലച്ചിത്ര താരം കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

നാടകത്തിലൂടെ സിനിമയിലെത്തിയ കെ.എസ് പ്രേംകുമാർ എന്ന കൊച്ചുപ്രേമന്‍ 250 ഓളം സിനിമകളില്‍ വേഷമിട്ടു. നിരവധി സീരിയലുകളിലും കൊച്ചുപ്രേമന്‍ അഭിനയിച്ചിട്ടുണ്ട്. 1979 ല്‍ റിലീസ് ചെയ്ത ഏഴുനിറങ്ങളാണ് ആദ്യ സിനിമ. ഒരു പപ്പടവട പ്രേമത്തിലാണ് അവസാനമായി വേഷമിട്ടത്. 1955 ജൂണ്‍ 1ന് ശിവരാമ ശാസ്ത്രികളുടെയും കമലത്തിന്‍റെയും മകനായി തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പേയാട് ഗവണ്മെന്‍റ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലായിരുന്നു ഡിഗ്രി പഠനം.

നാടകത്തിലൂടെയാണ് കൊച്ചുപ്രേമന്‍ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ജഗതി എന്‍.കെ ആചാരിയുടെ ജ്വാലാമുഖിയാണ്  ആദ്യ നാടകം. തുടര്‍ന്ന് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി നിരവധി സമിതികള്‍ക്കൊപ്പം കൊച്ചുപ്രേമന്‍ പ്രവര്‍ത്തിച്ചു. സിനിമയിലെത്തിയതിന് ശേഷം രാജസേനനൊടൊപ്പം എട്ടോളം ചിത്രങ്ങളില്‍ കൊച്ചുപ്രേമന്‍ ഭാഗമായി. ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ സത്യന്‍ അന്തിക്കാട് കൊച്ചുപ്രേമന് നല്‍കി.  ഗുരു’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തനിക്ക് തമാശ മാത്രമല്ല വഴങ്ങുന്നതെന്ന് കൊച്ചുപ്രേമന്‍ തെളിയിച്ചു. തിളക്കം എന്ന ചിത്രത്തിലൂടെയാണ് കൊച്ചുപ്രേമന് സിനിമയില്‍ തിരക്കേറിയത്.

ഗുരു, കഥാനായകൻ, ദ കാർ, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മാട്ടുപെട്ടി മച്ചാൻ, പട്ടാഭിഷേകം, കല്യാണരാമൻ, തിളക്കം, ചതിക്കാത്ത ചന്തു, ഉടയോൻ, ഛോട്ടാ മുംബൈ, സ്വലേ, 2 ഹരിഹർ നഗർ, ശിക്കാർ, മായാമോഹിനി, ആക്‌ഷൻ ഹീറോ ബിജു, ലീല, വരത്തൻ, തൊട്ടപ്പൻ തുടങ്ങിയവ പ്രധാന സിനിമകളാണ്. സിനിമാ-സീരിയൽ താരം ഗിരിജയാണ് ഭാര്യ. മകന്‍ – ഹരികൃഷ്ണന്‍.