ഷാര്‍ജ : 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ മലയാളത്തിന്‍റെ യുവ സൂപ്പര്‍സ്റ്റാര്‍ ജയസൂര്യ നവംബര്‍ പത്തിന് അതിഥിയായി എത്തുന്നു. വ്യാഴാഴ്ച രാത്രി എട്ടിന് എക്‌സ്‌പോ സെന്‍ററിലെ ബാള്‍ റൂമില്‍ സിനിമാ പ്രേമികളുമായി ജയസൂര്യ സംവദിക്കും.
2021 ല്‍ റീലീസ് ചെയ്ത് ഒട്ടനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വെളളം എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ തിരക്കഥ പുസ്തകമായി ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ വ്യാഴാഴ്ച പ്രകാശനം ചെയ്യും. വ്യാഴാഴ്ച രാത്രി എട്ടിന് എക്‌സ്‌പോ സെന്‍ററിലെ ബാള്‍ റൂമിലാണ് ചടങ്ങ്. വിവിധ അവാര്‍ഡുകളിലായി മികച്ച സിനിമ, മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച ഗായകന്‍, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ വെള്ളം സിനിമ സ്വന്തമാക്കിയിരുന്നു. ജയസൂര്യയ്ക്ക് കേരള സ്റ്റേറ്റ് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ഈ സിനിമ നേടികൊടുത്തു. നടന്‍ ജയസൂര്യയ്ക്ക് പുറമേ വെള്ളത്തിന്‍റെ സംവിധായകന്‍ ജി പ്രജേഷ് സെന്‍, യഥാര്‍ത്ഥ കഥാപാത്രമായ മുരളിദാസ് നമ്പ്യാര്‍ (വെള്ളം മുരളി) എന്നിവരും പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിക്കും. ലിപി പബ്‌ളിക്കേഷന്‍സ് ആണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.
ഇതോടൊപ്പം സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയെ കുറിച്ച് പ്രജേഷ് സെന്‍ എഴുതിയ ഒടുവിലത്തെ കൂട്ട് എന്ന മലയാളം പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയും ചടങ്ങില്‍ പ്രകാശനം ചെയ്യും. അഫ്‌നാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ലിപി തയാറാക്കിയ ഈ പുസ്തകം പരിഭാഷപ്പെടുത്തിയത്. നടന്‍ ജയസൂര്യ പുസ്തകം പ്രകാശനം ചെയ്യും. ഇത്തവണത്തെ ഷാര്‍ജ ഗവണ്‍മെന്‍റിന്‍റെ അതിഥിയായി പുസ്തകമേളയില്‍ എത്തുന്ന ഏക മലയാള സിനിമാതാരം കൂടിയാണ് ജയസൂര്യ. നേരത്തെ യുഎഇ ഗവണ്‍മെന്‍റ് ഗോള്‍ഡണ്‍ വിസ നല്‍കി ജയസൂര്യയെ ആദരിച്ചിരുന്നു. ഇതിന് ശേഷമുള്ള ആദ്യ യുഎഇ സന്ദര്‍ശനം കൂടിയാണിത്.