‘രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്ക് സ്വീകാര്യന്‍; ബി.ജെ.പി ഇന്ത്യ ഭയക്കുന്ന ഏറ്റവും വലിയ വിപത്ത്, ബി.ജെ.പിയെ തോല്‍പിക്കേണ്ടത് അനിവാര്യത’ : ജോയ് മാത്യു

ദുബായ് : ഇന്ത്യ ഭയക്കുന്ന ഏറ്റവും വലിയ വിപത്ത് ബി.ജെ.പിയാണെന്ന് നടനും സംവിധായകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ജോയ് മാത്യു ദുബായില്‍ പറഞ്ഞു. സവര്‍ണ ഫാസിസത്തെ ഇന്ത്യയില്‍ നിന്ന് ഇല്ലാതാക്കാന്‍ ബി.ജെ.പിയെ പുറത്താക്കണം. ഇതിനായി രാഹുല്‍ ഗാന്ധി ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനസമൂഹങ്ങളുടെയും സ്വീകാര്യതയും അംഗീകാരവും നേടിക്കഴിഞ്ഞുവെന്നും ജോയ് മാത്യു പറഞ്ഞു.

രാജ്യത്തുനിന്ന് സവര്‍ണ ഫാസിസത്തെ പടിക്കു പുറത്തു നിര്‍ത്താന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. സമകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സവര്‍ണ ഫാസിസമാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഇന്ത്യന്‍ ഭരണകൂടം ഉയര്‍ത്തുന്ന സവര്‍ണ ഫാസിസ്റ്റ് വെല്ലുവിളി അത്യന്തം ഭയാനകമാണ്. മനുഷ്യരെ ജാതിയും മതവും പറഞ്ഞ് വിഭജിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന, വന്‍ ആപത്ത് കൊണ്ടുവരുന്ന ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് ഇന്നിന്‍റെ അനിവാര്യതയാണ്.

കവി സച്ചിദാനന്ദന്‍റെ നേതൃത്വത്തിലുള്ള നൂറുകണക്കിന് എഴുത്തുകാര്‍ മോദി ഭരണകൂടം ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് പ്രബുദ്ധ സമൂഹത്തെ ഉണര്‍ത്താനുള്ള യജ്ഞത്തിലാണുള്ളത്. ആനന്ദ് പട്വര്‍ധന്‍, പ്രകാശ് ബാരെ, പ്രകാശ് രാജ്, നസീറുദ്ദീന്‍ ഷാ തുടങ്ങിയ പ്രഗത്ഭരായ ആയിരത്തിലധികം കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും മോദിയെ താഴെയിറക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചുകൊണ്ട് പുറത്തിറക്കിയ കത്തില്‍ താനും ഒപ്പുവെച്ചിട്ടുണ്ടെന്ന് ജോയ് മാത്യു പറഞ്ഞു.

https://www.youtube.com/watch?v=mCIyqlF1BeY

മോദി പ്രതിനിധീകരിക്കുന്ന സവര്‍ണ ഫാസിസം ഇപ്പോള്‍ പരാജയപ്പെടുത്താനായില്ലെങ്കില്‍ ഇന്ത്യന്‍ സമൂഹത്തിന്‍റെ ഭാവിയെക്കുറിച്ച് ഇനി ചിന്തിക്കാന്‍ പോലും ഒരവസരം ലഭിച്ചെന്നു വരില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ മതേതര കക്ഷികളെ ശക്തിപ്പെടുത്തി ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും മൂല്യങ്ങളെ തിരിച്ചുപിടിക്കാന്‍ ഇന്ത്യയുടെ പ്രബുദ്ധ സമൂഹം ഉത്സാഹം കാട്ടണം. അത്തരമൊരു അനുകൂല അന്തരീക്ഷം ഇന്ത്യലൊട്ടാകെ ഇന്ന് നിലനില്‍ക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനസമൂഹങ്ങളുടെയും സ്വീകാര്യതയും അംഗീകാരവും നേടിക്കഴിഞ്ഞിട്ടുണ്ട്. അതിന് ശക്തി പകരുന്ന ചിന്തയും പ്രവര്‍ത്തനവുമാണ് ഈ തിരഞ്ഞെടുപ്പിന്‍റെ സൗന്ദര്യമെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

joy mathewrahul gandhibjp
Comments (0)
Add Comment