റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്താന്‍ നേതൃത്വം നല്കിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റില്‍. പഞ്ചാബില്‍ നിന്നാണ് ഡല്‍ഹി പൊലീസിന്റെ സെപ്ഷ്യല്‍ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാക്കളുമായുള്ള ഇയാളുടെ ബന്ധം ഉൾപ്പെടെ വലിയ വിവാദം ആയിരുന്നു.
ചെങ്കോട്ടയിൽ കൊടിയുയർത്താൻ നേതൃത്വം നൽകിയത് ഉൾപ്പെടെ നിരവധി കേസുകളാണ് സിദ്ദുവിനെതിരെ ചുമത്തിയിരിക്കുന്നത്. സിദ്ദുവിനെയും മറ്റു മൂന്നുപേരെയും കുറിച്ച് വിവരം നൽകുന്നവർക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെ സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ അതിക്രമിച്ച് കടന്ന് സിഖ് പതാക ഉയർത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ ചെങ്കോട്ടയില്‍ വന്‍നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു.
അതേസമയം, സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ അക്രമമെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.