
നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ അതിജീവിത പരാതി നല്‍കി. തന്റെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്നും, പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടി വേണമെന്നുമാണ് നടിയുടെ ആവശ്യം.
വീഡിയോ പ്രചരിപ്പിച്ച 16 സോഷ്യല്‍ മീഡിയ ലിങ്കുകള്‍ സഹിതമാണ് നടി പോലീസിനെ സമീപിച്ചിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യണമെന്നും നടി ആവശ്യപ്പെട്ടു. ദിലീപിനെതിരെ അതിജീവിത ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള വ്യാജ ആരോപണങ്ങളാണ് മാര്‍ട്ടിന്‍ വീഡിയോയിലൂടെ ഉന്നയിച്ചത്. കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതി പ്രതികാര ബുദ്ധിയോടെ വീഡിയോ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി നടി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിജീവിതയ്ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് നീക്കം തുടങ്ങി. വിചാരണക്കോടതി വിധിയില്‍ കൂടുതല്‍ വ്യക്തതയ്ക്കും നീതിക്കുമായി സര്‍ക്കാര്‍ ഉടന്‍ തന്നെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.