ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ നടപടി. മ്യൂസിയം സിഐയെയും എസ്‌ഐയെയും സ്ഥലംമാറ്റി. അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ദേവസ്വം ബോർഡ് ജംഗ്ഷന് സമീപം പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതിനിടെ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറുകയായിരുന്നു.
ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിന് മുമ്പിലെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പിന്നാലെ കൂടുതൽ പൊലീസുകാരെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ, ഡി സി പി ദിവ്യ ഗോപിനാഥ് എന്നിവരെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേയ്ക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.