മുഖ്യമന്ത്രിയുടെ പുകഴ്ത്തുപാട്ടുകാരന്റെ അനധികൃത നിയമനം: എതിര്‍ത്ത ജീവനക്കാരനെ പുറത്താക്കി

Jaihind News Bureau
Thursday, February 20, 2025

ആനയെ മാത്രമല്ല ആനപ്പിണ്ടത്തേയും പേടിക്കണം എന്ന അവസ്ഥയാണ് കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍. ഭരണത്തിലുള്ള രാഷ്ട്രീയക്കാരെ മാത്രം ബഹുമാനിച്ചാല്‍ പോരാ അവരുടെ ഇഷ്ടക്കാരുടേയും പ്രീതി സമ്പാദിക്കണമെന്ന നില. ഹിതകരമല്ലാത്തതു ചെയ്താല്‍ ഏതു വിധേനയും ഉപദ്രവിക്കുമെന്നതിന് വീണ്ടും ഉദാഹരണമാവുകയാണ് റാസി എ്‌ന സെക്ഷന്‍ ഓഫീസര്‍ക്കെതിരേയുള്ള നടപടി.

ധനവകുപ്പിലെ സെക്ഷന്‍ ഓഫീസറായ റാസി പോത്തന്‍കോടിനെ ഭരണപക്ഷ അനുകൂല സംഘടനയില്‍ നിന്ന് പുറത്താക്കി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നിര്‍വാഹക സമിതിയുടേതാണ് നടപടി . മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് പാട്ടെഴുതിയ പൂവത്തൂര്‍ ചിത്രസേനന്റെ അനധികൃത നിയമന ഫയലില്‍ വിയോജനക്കുറിപ്പെഴുതിയതിനാണ് നടപടിയെന്നാണ ആരോപണം. ഫയലില്‍ വിയോജനക്കുറിപ്പെഴുതിയെന്ന് ആരോപിച്ചാണ് റാസി പോത്തന്‍കോടിനെ പുറത്താക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ ഫീനിക്‌സ് പക്ഷിയായും പടയുടെ നടുവില്‍ പടനായകനായും വിശേഷിപ്പിച്ച് വാഴ്ത്തുപാട്ട് എഴുതിയ പൂവത്തൂര്‍ ചിത്രസേനനന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരനായിരുന്നു. വിരമിച്ച ശേഷം സ്പെഷ്യല്‍ മെസെഞ്ചറായി നിയമനം നല്‍കി. താല്‍ക്കാലിക ജോലിക്ക് അപേക്ഷിക്കും മുമ്പു തന്നെ നിയമനം കൊടുത്തത് വലിയ വിവാദമായിരുന്നു. നിയമനം നല്‍കാന്‍ പാടില്ലെന്ന് റാസി ഫയലില്‍ നിലപാട് എടുത്തുവെന്നാണ് അറിയുന്നത്. ഇതിനെതിരേയാണ് യൂണിയന്റെ നടപടി