അദാനി വിഷയത്തില്‍ പാർലമെന്‍റില്‍ പ്രതിഷേധിച്ച എംപിമാർക്കെതിരെ നടപടിക്ക് നീക്കം

Jaihind Webdesk
Tuesday, February 21, 2023

 

ന്യൂഡല്‍ഹി: അദാനി വിഷയത്തിൽ പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്ക് എതിരെ അവകാശലംഘന നടപടിക്ക് നീക്കം . 12 എംപിമാർക്കെതിരെ അന്വേഷണം നടത്താൻ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കർ പ്രിവിലേജ് കമ്മിറ്റിയോട് നിർദേശിച്ചു. തുടർച്ചയായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിനാണ് നടപടി സ്വീകരിക്കുന്നത്.

ഒമ്പത് കോൺഗ്രസ് എംപിമാർക്കും മൂന്ന് ആം ആദ്മി എംപിമാർക്കുമെതിരെയാണ് നടപടിയുണ്ടാവുക. രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന്‍റെ ഭാഗമായുള്ള ചർച്ചയ്ക്കിടെയാണ് എംപിമാർ നടുത്തളത്തിലിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

കോണ്‍ഗ്രസ് എംപിമാരായ  ശക്തിസിംഗ് ഗോയൽ, നരൻഭായ് രാത്വ, സയിദ് നാസർ ഹുസൈൻ, കുമാർ കേത്കർ, ഇമ്രാൻ പ്രതാപ് ഗർഹി, എൽ ഹനുമന്തയ്യ, ഫൂലോ ദേവി നേതം, ജെബി മേത്തർ, രൺജീത് രഞ്ജൻ എന്നിവർക്കും ആം ആദ്മി എംപിമാരായ സഞ്ജയ് സിംഗ്, സുശീൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പതക് എന്നിവർക്കെതിരെയുമാകും നടപടി. പ്രിവിലേജസ് കമ്മിറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ശേഷമാവും നടപടികളിലേക്ക് കടക്കുക.