മുകേഷിനെതിരെ നടപടി വേണം; ബാലാവകാശ കമ്മീഷന് പരാതി നല്‍കി എംഎസ്എഫ്

Jaihind Webdesk
Sunday, July 4, 2021

 

തിരുവനന്തപുരം : സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയ  സംഭവത്തില്‍ കൊല്ലം എംഎല്‍എ എം മുകേഷിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതി നല്‍കിയത്.

മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എംഎസ്എഫ് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ച കുട്ടിയെ മുകേഷ് മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

എംഎല്‍എ എന്ന നിലയില്‍ മുകേഷിന്‍റെ പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പിന്നാലെ വിശദീകരണവുമായിഎംഎല്‍എ രംഗത്തെത്തിയെങ്കിലും അതും പാളി. മുകേഷിന്‍റെ പെരുമാറ്റദൂഷ്യമാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്.  അതേസമയം ഇടത് അനുഭാവികളും മുകേഷില്‍ നിന്ന് തങ്ങള്‍ക്കുണ്ടായ തിക്താനുഭവം വിവരിച്ച് കമന്‍റുകളുമായി രംഗത്തെത്തിയതും തിരിച്ചടിയായി.