കുട്ടികൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ നടപടി വേണം: ബെന്നി ബഹനാൻ എംപി

Jaihind Webdesk
Thursday, December 7, 2023

 

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും ദുരുപയോഗങ്ങളും ഭയാനകമായ രീതിയിൽ വർധിച്ചു വരികയാണെന്നും ഇത് തടയുന്നതിനാവശ്യമായ ഉചിതമായ നടപടികൾ ഉണ്ടാകണമെന്നും ബെന്നി ബഹനാൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സമീപകാല കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികൾക്കെതിരെ പ്രതിദിനം രാജ്യത്ത് 400-ലധികം കുറ്റകൃത്യങ്ങൾ നടക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും എംപി ചൂണ്ടിക്കാട്ടി.

2020-നെ അപേക്ഷിച്ച് 2021-ൽ മാത്രമായി 16.2 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ 45.7 ശതമാനം കേസുകളും, ബലാത്സംഗം ഉൾപ്പെടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം ( പോക്സോ) ആക്ട് പ്രകാരം 39.7 ശതമാനം കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സമഗ്രമായ പുനരധിവാസമടക്കം കുട്ടികളുടെ വീണ്ടെടുക്കലിനും ക്ഷേമത്തിനും സഹായിക്കുന്നതിന് സമർപ്പിതരായ മനഃശാസ്ത്രജ്ഞരെ ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകണമെന്നും നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാനും കേസുകൾ വേഗത്തിലാക്കാനും തെളിവെടുപ്പിനായി ശിശു സൗഹൃദ രീതികൾ അവതരിപ്പിക്കാനുള്ള അടിയന്തര നിയമനിർമ്മാണം നടപ്പിലാക്കണമെന്നും ബെന്നി ബഹനാന്‍ എംപി ആവശ്യപ്പെട്ടു.