ഒടുവില്‍ നടപടി; സിപിഎമ്മിന്‍റെ മെഗാ തിരുവാതിരക്കളിയിൽ 550 പേര്‍ക്കെതിരെ കേസ്

Jaihind Webdesk
Thursday, January 13, 2022

 

തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ  ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര കളിക്കെതിരെ ഒടുവില്‍ കേസെടുത്ത് പൊലീസ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനിടെ നടത്തിയ മെഗാ തിരുവാതിരക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് പാറശാല പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് കേസ്.

പാറശാലയില്‍ 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. 502 പേരാണ് ചെറുവാരക്കോണം സിഎസ്ഐ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവാതിര കളിയില്‍ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ പരിപാടി. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെയായിരുന്നു 502 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിരക്കളി. വലിയ തോതില്‍ കാണികളുമെത്തിയതോടെ വലിയ വലിയ ആള്‍ക്കൂട്ടമായി മാറി.

സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും പാര്‍ട്ടി ചരിത്രവുമായിരുന്നു തിരുവാതിരകളിപ്പാട്ടിന്‍റെ പ്രമേയം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എ സി.കെ ഹരീന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പരിപാടി കാണാനെത്തിയിരുന്നു.  അതേസമയം വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടിയിട്ടും പൊലീസ് കണ്ടില്ലെന്ന് നടിച്ച് മടങ്ങുകയായിരുന്നു. സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സാധാരണക്കാര്‍ക്ക് ഒരു നിയമവും ഭരണകക്ഷിക്ക് മറ്റൊരു നിയമവുമാണെന്ന ആക്ഷേപം ഉയര്‍ന്നു. പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തുകയും അതേസമയം സര്‍ക്കാര്‍ പരിപാടികളില്‍ ആള്‍ക്കൂട്ടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടിക്കെതിരെയും പ്രതിഷേധം ശക്തമാണ്.