Rahul Gandhi| ‘ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ നടപടി ഉറപ്പ്’: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ താക്കീത്

Jaihind News Bureau
Tuesday, August 19, 2025

പട്ന: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള വിമര്‍ശനം കൂടുതല്‍ ശക്തമാക്കി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ ഗയയില്‍ നടന്ന ‘വോട്ട് അധികാര്‍ യാത്ര’യുടെ രണ്ടാം ദിനത്തിന്റെ സമാപന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ ഒപ്പിട്ട സത്യവാങ്മൂലം നല്‍കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) ഗ്യാനേഷ് കുമാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ‘തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വോട്ട് മോഷണം പിടിക്കപ്പെട്ട ശേഷവും എന്നോട് സത്യവാങ്മൂലം ആവശ്യപ്പെടുകയാണ്,’ രാഹുല്‍ പറഞ്ഞു. ‘വോട്ട് മോഷണം ഭാരത മാതാവിന്റെ ആത്മാവിനു നേരെയുള്ള ആക്രമണമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എസ്.ഐ.ആര്‍.’ എന്ന പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറിനായി വോട്ട് മോഷണത്തിന്റെ പുതിയ രൂപം കൊണ്ടുവന്നിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ‘ഞങ്ങള്‍ക്ക് കുറച്ച് സമയം കൂടി ലഭിച്ചാല്‍ എല്ലാ നിയമസഭാ, ലോക്സഭാ സീറ്റുകളിലും നിങ്ങള്‍ നടത്തിയ വോട്ട് മോഷണം ഞങ്ങള്‍ പിടികൂടി ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരും. രാജ്യത്തെ ജനങ്ങള്‍ നിങ്ങളോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടും,’ അദ്ദേഹം പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവര്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി പ്രധാനമായും ആരോപണമുന്നയിച്ചത്. ‘ഞാന്‍ പറയുന്നത് ഞാന്‍ ചെയ്യും. ഞാന്‍ വേദിയില്‍ നിന്ന് കള്ളം പറയില്ല. ഇപ്പോള്‍ മോദിജിയുടെ സര്‍ക്കാരാണ്. നിങ്ങള്‍ ബി.ജെ.പി അംഗത്വം എടുക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു,’ രാഹുല്‍ പറഞ്ഞു. ‘പക്ഷേ ഒരു കാര്യം മനസ്സിലാക്കുക, ഒരു ദിവസം ബിഹാറിലും ഡല്‍ഹിയിലും ഇന്ത്യ മുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരും. അന്ന് നിങ്ങള്‍ മൂന്നുപേര്‍ക്കെതിരെയും ഞങ്ങള്‍ നടപടിയെടുക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും ആരോപണങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവിന്റെ സാന്നിധ്യത്തിലായിരുന്നു രാഹുലിന്റെ പ്രസംഗം.