തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ നേതൃത്വത്തിനെതിരെ സിപിഎം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തിൽ വിമർശനം. പ്രതികൾക്കെതിരെ നടപടി വൈകിയെന്ന് പ്രതിനിധികൾ വിമർശിച്ചു. പാർട്ടിയുടെ പ്രതിച്ഛായ മോശമായെന്നും അഭിപ്രായമുയർന്നു.
കരുവന്നൂർ ബാങ്ക് ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിക്ക് കീഴിലായതിനാൽ സമ്മേളനത്തിൽ വിമർശനങ്ങൾ ഉയരാതിരിക്കാൻ നേതൃത്വം കരുതലെടുത്തിരുന്നു. എന്നാൽ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ ജില്ലാ കമ്മിറ്റിക്ക് നേരെ ഒരു വിഭാഗം തിരിഞ്ഞു. ആദ്യമായാണ് ജില്ലയിലെ ഒരു ഏരിയാ സമ്മേളനത്തിൽ നേതൃത്വം പ്രതിക്കൂട്ടിലായത്. കരുവന്നൂർ തട്ടിപ്പ് സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് മുഴുവൻ തിരിച്ചടിയായെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. തട്ടിപ്പിനെ കുറിച്ച് നേരത്തെ സൂചന ലഭിച്ചിട്ടും എന്തുകൊണ്ട് നടപടി വൈകിയെന്നും ചോദ്യമുയർന്നു. പാർട്ടിയുടെ പ്രതിച്ഛായ മോശമായതിൽ തർക്കമില്ലെന്നും ഒരു വിഭാഗം വിമർശിച്ചു. നിക്ഷേപകരുടെ പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും ചിലർ നൽകി.
എന്നാൽ ഈ വിഷയത്തിൽ കാര്യമായ ചർച്ചകൾ സമ്മേളനത്തിൽ ഉണ്ടായില്ല. ജില്ലാ കമ്മിറ്റി എടുത്ത എല്ലാ നടപടികൾക്കും സമ്മേളനം അംഗീകാരം നൽകുകയും ചെയ്തു. നേരത്തെ തന്നെ ഏരിയാ സെക്രട്ടറി കെസി പ്രേമരാജനെയും കരുവന്നൂർ ലോക്കൽ സെക്രട്ടറി പിഎസ് വിശ്വംഭരനെയും പദവികളിൽ നിന്ന് നീക്കിയിരുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ടിൽ, കെആർ വിജയ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു.