യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി; കാർ സ്വിമ്മിംഗ് പൂളാക്കി, വാഹനം പിടിച്ചെടുത്ത് ആർടിഒ

Jaihind Webdesk
Wednesday, May 29, 2024

 

ആലപ്പുഴ: കാർ സ്വിമ്മിംഗ് പൂളാക്കിയ കേസിൽ സഞ്ജു ടെക്കിയുടെയും വാഹനമോടിച്ച ആളുടേയും ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി മോട്ടർവാഹന വകുപ്പ്. ആലപ്പുഴ എൻഫോഴ്സ്മെന്‍റ് ആർടിഒ ആണ് നടപടി എടുത്തത്. വാഹനവും പിടിച്ചെടുത്തു. വാഹനത്തിൽ വെള്ളം നിറച്ച് അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെ മറ്റു വാഹനങ്ങളുടേയും ആളുകളുടേയും ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചു എന്ന് കാണിച്ചാണ് നടപടി. ടാറ്റ സഫാരിയുടെ പിൻ സീറ്റിൽ ടാർപോളിൻ വലിച്ചുകെട്ടി അതിൽ വെള്ളം നിറച്ചായിരുന്നു യൂട്യൂബറുടെ യാത്ര.

യുട്യൂബര്‍ക്കു പുറമേ മൂന്നു സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നാണ് കാര്‍ സ്വിമ്മിംഗ് പൂളാക്കി മാറ്റുന്നത്. ഡ്രൈവര്‍  ഒഴികെയുള്ളവര്‍ ഇരുന്നും കിടന്നുമൊക്കെയാണ് വിഡിയോ പുരോഗമിക്കുന്നത്. ഇതിനിടെ വെള്ളത്തിന്‍റെ മർദം കാരണം ഡ്രൈവര്‍ സീറ്റിന്‍റെ സൈഡ് എയര്‍ബാഗ് പുറത്തേക്കു വന്നിരുന്നു. തുടർന്ന് വാഹനത്തിന്‍റെ പുറകിലത്തെ ഡോർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി. എന്നാൽ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബർ സഞ്ജു ടെക്കി പറഞ്ഞു.