രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം | LIVE

Jaihind Webdesk
Sunday, March 26, 2023

 

ന്യൂഡല്‍ഹി/തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ നടത്താനിരുന്ന രാവിലെ 10 മണിക്ക് നടത്താനിരുന്ന സത്യഗ്രഹത്തിന് ഡൽഹി പോലീസ് ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുവദിച്ചു. ക്രമസമാധാന പ്രശ്നം ഉന്നയിച്ചായിരുന്നു അനുമതി നിഷേധിക്കുന്നതായി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത്. രാജ്ഘട്ട് പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് സത്യഗ്രഹ സമരത്തിന് അനുമതി നല്‍കുകയായിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് രാജ്ഘട്ടിലെ സത്യഗ്രഹം.  പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാല്‍ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നു. വൈകിട്ട് 5 മണി വരെയാണ് സത്യഗ്രഹ സമരം. രാഹുല്‍ ഗാന്ധിക്കെതിരായ മോദി സർക്കാരിന്‍റെ പ്രതികാര നടപടിക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ദേശീയതലത്തിൽ കോൺഗ്രസ് ആവിഷ്‌കരിക്കുന്ന പ്രതിഷേധപരിപാടികളുടെ തുടക്കമായിട്ടാണ് രാജ്ഘട്ടിലെ സത്യഗ്രഹം. തിരുവനന്തപുരത്ത് ഗാന്ധി പാർക്കില്‍ സംഘടിപ്പിക്കുന്ന സത്യഗ്രഹ സമരത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നു.