ലൈംഗികാതിക്രമ പരാതി : സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

Jaihind Webdesk
Saturday, September 11, 2021

ഇടുക്കി : സിപിഐ നേതാവിനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ നടപടിയുമായി സംസ്ഥാന നേതൃത്വം. സംസ്ഥാന കൗൺസിൽ അംഗം സി.കെ കൃഷ്ണൻകുട്ടിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണൻകുട്ടിയെ നേരത്തെ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. എന്നാൽ നീതി ലഭിച്ചില്ലെന്ന് കാട്ടി സംസ്ഥാന കൗൺസിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മഹിളാസംഘം പ്രവർത്തകയായ വീട്ടമ്മ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.

സി.പി.ഐ.യുടെ പുളിയൻമല ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തല്‍. പരാതിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും രേഖകളും സംസ്ഥാന കൗൺസിലിന് രണ്ടാഴ്ച മുൻപ് ജില്ലാ ഘടകം കൈമാറിയിരുന്നു. സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടതോടെയാണ് പരാതിയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയത്. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ഇയാളെ ഒഴിവാക്കാനാണ് തീരുമാനം. പരാതിക്കാരി അംഗമായിരിക്കുന്ന ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ യോഗങ്ങളിൽ ഇനിമേൽ പങ്കെടുക്കരുതെന്നും സംസ്ഥാന കൗൺസിൽ നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് മഹിളാസംഘം പ്രവർത്തകയായ വീട്ടമ്മ നേതാവിനെതിരെ പാർട്ടി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്. പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി കടന്നുപിടിച്ചതായായിരുന്നു പരാതി. തുടർന്ന് ജില്ലാ കൗൺസിൽ നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ നേതാവിനെതിരെ ജില്ലാ നേതൃത്വം നാമമാത്രമായ നടപടി മാത്രമാണ് സ്വീകരിച്ചത്. മുമ്പും സമാന ലൈംഗികാതിക്രമ വിഷയത്തിൽ പാർട്ടി നടപടി നേരിട്ട നേതാവാണ് സി.കെ കൃഷ്ണൻകുട്ടി.