WAYANAD CPM| വയനാട് സിപിഎമ്മിലെ വിഭാഗീയതയില്‍ നേതാക്കള്‍ക്കെതിരെ വീണ്ടും നടപടി; മുതിര്‍ന്ന നേതാവ് എ.വി. ജയനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

Jaihind News Bureau
Wednesday, August 6, 2025

വയനാട് സിപിഎമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുമായി ബന്ധപ്പെട്ട് വീണ്ടും കടുത്ത നടപടി. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ പേരില്‍ മുതിര്‍ന്ന നേതാവ് എ.വി. ജയനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പാര്‍ട്ടിയിലെ വിഭാഗീയതയെക്കുറിച്ച് ജയന്‍ തുറന്നുപറഞ്ഞതിന് ശേഷമാണ് പുതിയ നടപടി. ജയനോടൊപ്പം കണിയാമ്പറ്റയിലെ അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.

പുല്‍പ്പള്ളി ഏരിയയിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ് ജയനെതിരെ നടപടിയെടുക്കാന്‍ ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയ കാരണം. ഈ വിഷയം വിശദമായി അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് നടപടി. പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയില്‍ നിന്ന് ഇരുളം ലോക്കല്‍ കമ്മിറ്റിയിലേക്കാണ് നേരത്തെ ജയനെ തരംതാഴ്ത്തിയിരുന്നത്. ഈ നടപടിക്ക് ശേഷം ജയന്‍ പരസ്യമായി പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുകയും ഇത് സിപിഎമ്മിലെ ചേരിതിരിവുകളുടെ ഭാഗമാണെന്ന് തുറന്നുപറയുകയും ചെയ്തു. പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും ഈ നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ സമ്മേളനത്തിലുണ്ടായ അട്ടിമറിയോടെയാണ് ഈ വിഭാഗീയത ആരംഭിച്ചതെന്ന വിമര്‍ശനവും ശക്തമാണ്. അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി. ഗഗാറിനെ മാറ്റി, മുന്‍ സെക്രട്ടറി സി.കെ. ശശീന്ദ്രന്റെ പിന്തുണയോടെ കെ. റഫീഖിനെ നേതൃത്വത്തിലെത്തിച്ചതോടെയാണ് പാര്‍ട്ടിയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടി നിലപാടുകള്‍ക്ക് എതിരായി പ്രവര്‍ത്തിച്ച നേതാക്കളെ തരംതാഴ്ത്തുന്നതും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതും പതിവായി. ഇത് ഇപ്പോള്‍ പാര്‍ട്ടിയില്‍ വലിയ ആശങ്കകള്‍ക്ക് വഴിയൊരുക്കുകയാണ്. ഈ നീക്കങ്ങള്‍ വ്യക്തിഹത്യാപരമായ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിക്കുന്നു.