പ്രേമം നിരസിച്ചതിന് ആസിഡ് ആക്രമണം ; മൂന്ന് കുട്ടികളുടെ അമ്മയ്ക്ക് ദാരുണാന്ത്യം

Jaihind Webdesk
Tuesday, November 16, 2021

ന്യഡല്‍ഹി :  പ്രേമാഭ്യർഥന നിരസിച്ചതിന് ആസിഡ് അക്രമത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ബവാനയിലായിരുന്നു സംഭവം. നാൽപതു മുതൽ അൻപതു ശതമാനം വരെ പൊള്ളലേറ്റ് ഗുരുതരമായ നിലയിൽ ആശുപത്രിയിലെത്തിച്ച യുവതി രണ്ടാഴ്ചക്കു ശേഷമാണ് മരിക്കുന്നത്.

യുവതിയുടെ കൈകൾ ബന്ധിച്ച് മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖമുൾപ്പടെ ശരീരമാസകലം യുവതിക്ക് പൊള്ളലേറ്റിരുന്നതായും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും ഡോക്ടർമാർ അറിയിച്ചു. ഭർതൃമതിയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് യുവതി.

സംഭവത്തിൽ പ്രദേശവാസിയായ മോന്‍റു  എന്ന ഇരുപത്തിമൂന്നുകാരനെ പൊലീസ് പിടികൂടി. ഇയാളുടെ പ്രേമാഭ്യർഥന നിരസിച്ചതിനെ തുടർന്ന് നവംബർ മൂന്നിനായിരുന്നു ആസിഡാക്രമണം നടന്നത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നും നീതി ലഭിക്കണമെന്നും യുവതിയുടെ ഭർത്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമ്മ ആശുപത്രിയിലാണെന്നും ഉടനെ മടങ്ങിവരുമെന്നാണ് കുഞ്ഞുങ്ങളോട് പറഞ്ഞിരുന്നതെന്നും ഭർത്താവ് പറഞ്ഞു. ഒൻപതും ആറും അഞ്ചും വയസുള്ള മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്.