കണ്ണില്ലാത്ത ക്രൂരത ; യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം

ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ വീണ്ടും ദളിത് പെണ്‍കുട്ടികൾക്ക് നേരെ അതിക്രമം. വീട്ടിൽ കിടന്നുറങ്ങിയ മൂന്ന് പെണ്‍കുട്ടികളുടെ മുഖത്ത് അക്രമികൾ ആസിഡ് ഒഴിച്ചു. ഉത്തർ പ്രദേശിൽ കുറ്റവാളികൾ അഴിഞ്ഞാടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

17 ഉം 10 ഉം 8 ഉം വയസുള്ള പെണ്‍കുട്ടികളുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്. ഗോണ്ട ജില്ലയിലെ പര്‍സപുരിലാണ് സംഭവം. പെണ്‍കുട്ടികളുടെ കരച്ചിൽ കേട്ട് ഓടി എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടുവെന്ന് പെണ്‍കുട്ടികളുടെ പിതാവ് പ്രതികരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾ അപകടനില തരണം ചെയ്തു എന്ന് പൊലീസ് പറഞ്ഞു. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ സർക്കാരിനെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന യുപി സർക്കാരിന്‍റെ നിലപാട് സംസ്ഥാനത്തൊട്ടാകെ കുറ്റവാളികൾക്ക് പൂർണ ധൈര്യം നൽകിയിരിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Comments (0)
Add Comment