സ്വത്ത് തര്‍ക്കം; വയോധികയെ ക്രൂരമായി മർദ്ദിച്ച പ്രതി അറസ്റ്റില്‍

Jaihind Webdesk
Tuesday, June 18, 2024

 

ആലപ്പുഴ: സ്വത്ത് തര്‍ക്കത്തിന്‍റെ  പേരില്‍ കരുവാറ്റ തോട്ടപ്പള്ളിയില്‍ വയോധികയ്ക്ക് ക്രൂരമര്‍ദനം. റിട്ട. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രമാദേവിക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ മകനെയും മരുമകളെയും അക്രമി സംഘം മര്‍ദ്ദിച്ചു. കുടുംബത്തിന്‍റെ പരാതിയില്‍ ഭാസ്‌കരന്‍ എന്നയാളെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സ്വത്ത് തര്‍ക്കത്തിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. രമാദേവിയുടെ ബന്ധുവായ ഭാസ്‌കരനും അഞ്ചോളം ഗുണ്ടകളും ചേര്‍ന്നാണ് വീട് ആക്രമിച്ചത്. 79 വയസുള്ള രമാദേവിയേയും മകന്‍ ഗിരിഗോവിനാഥിനേയും  സംഘം ക്രൂരമായി മര്‍ദ്ദിച്ചു.

അതേസമയം മര്‍ദ്ദനം തടയാനെത്തിയ മരുമകളെയും അയല്‍വാസിയേയും സംഘം മര്‍ദ്ദിച്ചു. ഗിരിഗോവിനാഥില്‍ നിന്ന് ബലമായി മുദ്രപത്രത്തില്‍ ഒപ്പിട്ട് വാങ്ങിയതായും പരാതിയുണ്ട്. കുടുംബത്തിന്‍റെ പരാതിയില്‍ ഹരിപ്പാട് പോലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി  ഡ്രൈവറാണ് ഗിരിഗോവിനാഥ്. ഭാര്യ താര കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ ആണ്. സംഭവത്തില്‍ കായംകുളം സ്വദേശി ഭാസ്‌കരനും ഒപ്പം ഉണ്ടായിരുന്ന സുനില്‍, കൊച്ചുണ്ണി എന്നറിയപ്പെടുന്ന അരുണ്‍ എന്നിവര്‍ അറസ്റ്റിലായി. കേസിലെ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.