മുട്ടിൽ മരംകൊള്ള : മരം മുറിച്ചത് സർക്കാർ ഉത്തരവോടെ ; മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച് 3 പ്രതികൾ ഹൈക്കോടതിയിൽ

കൊച്ചി :  വയനാട്ടിലെ മുട്ടിൽ മരംകൊള്ള കേസിലെ പ്രതികളായ മൂന്നു പേർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലുള്ള അനുമതിയോടെയാണു മരം മുറിച്ചതെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.

മേപ്പാടി റേഞ്ച് ഓഫിസർമാരുടെ റിപ്പോർട്ടിന്‍ അടിസ്ഥാനത്തിലെടുത്ത കേസുകളിലാണ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. മരങ്ങൾ മുറിക്കുന്നതിന് ഫോറസ്റ്റ് അനുമതിയുണ്ടായിരുന്നു, സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിക്ക് ഇതിന്‍റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമാണ് മരംമുറിച്ചത്.

അതുകൊണ്ടുതന്നെ റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ചുമത്തിയിട്ടുള്ള വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി. ഇത്തരത്തിൽ നിലനിൽക്കാത്ത കേസായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പ്രതികൾ വാദിക്കുന്നു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

 

Comments (0)
Add Comment