വളപട്ടണം കവർച്ചാ കേസില്‍ പ്രതി പിടിയില്‍; ഒരു കോടിയും 267 പവനും കവർന്നത് അയൽവാസി ലിജീഷ്

Jaihind Webdesk
Monday, December 2, 2024

 

കണ്ണൂർ: വളപട്ടണത്തെ വ്യാപാരി കെ.പി.അഷറഫിന്‍റെ വീട്ടിൽനിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ പ്രതി പിടിയിൽ. അഷറഫിന്‍റെ അയൽവാസിയായ ലിജീഷിനെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്‌. ശനിയാഴ്ചയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കവർച്ച ചെയ്ത പണവും ആഭരണങ്ങളും വെൽഡിങ് തൊഴിലാളിയായ ലിജീഷിന്‍റെ വീട്ടിലെ കട്ടിലിനടിയിൽനിന്ന് പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയിൽ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ പറഞ്ഞു.

വെൽഡിങ് തൊഴിലാളിയാണ് ലിജീഷ് സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ്  300 പവനും പണവും സൂക്ഷിച്ചത്. അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടത്തിയതിനുശേഷം രണ്ടാം ദിനം വീണ്ടും ലിജീഷ് എത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി.

ഇതേ പ്രതി തന്നെ മുമ്പും മോഷണം നടത്തിയിരുന്നു. അന്ന് പ്രതിയെ പോലീസിന് പിടികൂടാനായില്ല. ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. കീച്ചേരിയിൽ മോഷണം നടന്നപ്പോള്‍ പോലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നിൽ ലീജിഷ് ആണെന്ന് വ്യക്തമായത്. ലിജീഷിന്‍റെ വീട്ടിൽ നിന്ന് ഒരു കോടി 21 ലക്ഷം രൂപയും ആഭരണങ്ങളും പോലീസ് കണ്ടെടുത്തു.

പ്രതി മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും മറ്റും പോലീസ് കണ്ടെത്തി. പ്രതിയെ പിടികൂടിയതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാർ. മോഷണവുമായി മറ്റാർക്കെങ്കിലും ബന്ധമുണ്ടൊയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.