ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം കൊണ്ടു പല്ലുതേച്ചു; നാലു കുട്ടികള്‍ ആശുപത്രിയില്‍

Jaihind Webdesk
Sunday, May 26, 2024

 

ചെന്നൈ: ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാലു കുട്ടികൾ ആശുപത്രിയിൽ. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് സംഭവം. വിരുദാചലം കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്‍റെയും സഹോദരിയുടെയും മക്കളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾ ഛർദ്ദിക്കുന്നതു കണ്ടതോടെയാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്.

മണികണ്ഠന്‍റെ മക്കളായ അനുഷ്ക, ബാലമിത്രൻ, സഹോദരിയുടെ മക്കളായ ലാവണ്യ, രശ്മിത എന്നിവരാണ് കടലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രണ്ടു വയസിനും അഞ്ചു വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ. ടൂസ്റ്റ് പേസ്റ്റിന്‍റേതുപോലുള്ള ട്യൂബിലുണ്ടായിരുന്ന എലിവിഷമാണ് കുട്ടികൾ അബദ്ധത്തില്‍ ഉപയോ​ഗിച്ചത്. സംഭവം അറിഞ്ഞതോടെ കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടുകളുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.