കോട്ടയത്ത് ദീപാവലി ആഘോഷത്തിനിടെ അപകടം; ലാറ്റക്സ് നിർമ്മാണശാലയ്ക്ക് തീപിടിച്ചു

Jaihind Webdesk
Monday, November 13, 2023

 

കോട്ടയം: ദീപാവലി ആഘോഷത്തിനിടയിൽ ലാറ്റക്സ് നിർമ്മാണശാലയ്ക്ക് തീപിടിച്ചു. കോട്ടയം മൂന്നിലവ് കൊക്കോ ലാറ്റക്സ് നിർമ്മാണ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെ ഫയർഫോഴ്സ് സംഘം തീ അണച്ചു. ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു അപകടം. മൂന്നിലവ് പഞ്ചായത്തിലെ കൊക്കോ ലാറ്റക്സ് ഫാക്ടറിയിൽ വൻ തീപിടിത്തം ഉണ്ടായത്. ആളപായമില്ല.

ഫയർഫോഴ്സിൽ വിവരമറിയിച്ചെങ്കിലും ഇവിടേക്കുള്ള പാലം തകർന്നത് വെല്ലുവിളിയായി. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത വിധമാണ് പാലത്തിന്‍റെ അവസ്ഥ. മഴയിൽ രണ്ടു വർഷങ്ങൾക്കു മുമ്പ് തകർന്ന കടവുപുഴപ്പാലം ഇനിയും പുനർനിർമ്മിച്ചിട്ടില്ല. ഇതായിരുന്നു രക്ഷാപ്രവർത്തനം വൈകാൻ കാരണമായത്. ഇതിനെ തുടർന്ന് 10 കിലോമീറ്ററോളം സഞ്ചരിച്ചു നെല്ലാപ്പാറ മേച്ചാൽ വഴിയാണ് ഫയർഫോഴ്സ് വാഹനം ഫാക്ടറിക്കു സമീപം എത്തിയത്.

ഫാക്ടറി ഏകദേശം പൂർണ്ണമായി കത്തി നശിച്ചു. ലോഡ് കയറ്റി നിർത്തിയിട്ടിരുന്ന ലോറിയും കത്തി നശിച്ചു. ഗോഡൗണിലേക്കും ജീവനക്കാർ താമസിക്കുന്ന സ്ഥലത്തേക്കും തീപടർന്നിരുന്നു. ഇവരെ മാറ്റി താമസിപ്പിച്ചു. കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനാ യൂണിറ്റെത്തിയാണ് തീ അണച്ചത്. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിച്ചതാണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് സൂചന.