
പത്തനംതിട്ട: അഴൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണ് അപകടം. ബസ് ഡ്രൈവര്‍ അനീഷിന്റെ അവസരോചിത ഇടപെടലില്‍ യാത്രക്കാര്‍ വൈദ്യുതാഘാതമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് 11:30-ഓടെ പ്രക്കാനം ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ‘മുരഹര’ എന്ന സ്വകാര്യ ബസ്സിന് മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണത്. അപകടത്തില്‍ ബസ്സിന്റെ ഗ്ലാസുകളും മറ്റും തകര്‍ന്നു. അപകടം നടന്നയുടന്‍, ബസ്സിന് പുറത്ത് വൈദ്യുതി ലൈനുകള്‍ പൊട്ടിക്കിടന്നിരുന്നത് ഡ്രൈവര്‍ അനീഷ് ശ്രദ്ധിച്ചു. വൈദ്യുതി ലൈനുകള്‍ ശരീരത്തില്‍ സ്പര്‍ശിക്കാനുള്ള സാധ്യത മനസ്സിലാക്കിയ അനീഷ് യാത്രക്കാരോട് ബസ്സില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ഉച്ചത്തില്‍ നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന്് പത്തനംതിട്ടയില്‍ നിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട് വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് യാത്രക്കാരെ സുരക്ഷിതമായി ബസ്സില്‍നിന്ന് പുറത്തിറക്കിയത്. വൈദ്യുതത്തൂണിന്റെ സ്റ്റേ വയറുകള്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രതിസന്ധി ഘട്ടത്തില്‍ അനീഷ് കാണിച്ച ധീരതയും സമയോചിതമായ തീരുമാനവുമാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.