മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനം ഇടിച്ച് അപകടം; ഗതാഗതം സ്തംഭിച്ചു

Jaihind News Bureau
Tuesday, December 16, 2025

മലപ്പുറം പാണ്ടിക്കാട് പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ച് അപകടം. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും റോഡ് ഗതാഗതം സ്തംഭിക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെ സിപിഒ വി. രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാണ്ടിക്കാട് വെച്ച് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച കാര്‍ മുന്നിലുണ്ടായിരുന്ന ഒരു കാറിലും രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചാണ് നിന്നത്. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. സംഭവസ്ഥലത്ത് തടിച്ച് കൂടിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സി.പി.ഒ. രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റത്തതിനാല്‍ പാണ്ടിക്കാട് ടൗണില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പൊലീസ് എത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഗതാഗതം സാധാരണ നിലയിലാക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കും.