കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) വാരാണസിയിലെ സമ്പൂർണാനന്ദ് സംസ്കൃത വിശ്വവിദ്യാലയത്തിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലും വിജയം രേഖപ്പെടുത്തി. ആർഎസ്എസിന്റെ വിദ്യാർത്ഥി വിഭാഗമായ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്തിനെ (എബിവിപി) പരാജയപ്പെടുത്തി.
എന്‍.എസ്.യു.ഐയുടെ ശിവം ശുക്ല എബിവിപിയുടെ ഹർഷിത് പാണ്ഡെ വന്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്റായപ്പോള്‍ ചന്ദൻ കുമാർ മിശ്ര വൈസ് പ്രസിഡന്റും അവ്നിഷ് പാണ്ഡെ ജനറൽ സെക്രട്ടറിയുമായി. രജ്നികാന്ത് ദുബെ ലൈബ്രേറിയന്‍ പോസ്റ്റ് കരസ്ഥമാക്കി.
ശിവം ശുക്ല 709 വോട്ട് നേടിയപ്പോള്‍ ഹർഷിത് പാണ്ഡെയ്ക്ക് വെറും 224 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. വൈസ് പ്രസിഡന്റ് ചന്ദൻ കുമാർ മിശ്രയ്ക്ക് 553 വോട്ടുകൾ ലഭിച്ചു. ജനറൽ സെക്രട്ടറി അവ്നിഷ് പാണ്ഡെക്ക് 487 വോട്ടുകൾ ലഭിച്ചപ്പോള്‍ എതിരാളിയായ ഗൗരവ് ദുബെക്ക് 424 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. 567 വോട്ട് നേടി രജനീകാന്ത് ദുബെ ലൈബ്രേറിയൻ സ്ഥാനം ഉറപ്പിച്ചപ്പോള്‍ എതിരാളിയായ അജയ് കുമാർ മിശ്രയ്ക്ക് 482 വോട്ടാണ് നേടിയത്. അശുതോഷ് ഉപാധ്യായ, ശിവ് ഓം മിശ്ര, അർപൻ തിവാരി എന്നിവർക്ക് യഥാക്രമം 227, 106, 21 വോട്ടുകൾ ലഭിച്ചു.
തെരഞ്ഞെടുപ്പ് ഓഫീസർ പ്രൊഫ. ശൈലേഷ് കുമാർ മിശ്രയാണ് ഫലം പ്രഖ്യാപിച്ചത്.