‘കൊവിഡില്‍ വലഞ്ഞ സാധാരണക്കാരനുള്ള ഇരുട്ടടി’ ; ഇന്ധനവിലവർധനയില്‍ കേന്ദ്രത്തിനെതിരെ എബിവിപി, രൂക്ഷവിമർശനം

Jaihind Webdesk
Tuesday, June 8, 2021

തിരുവനന്തപുരം : ഇന്ധനവിലവർധനയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എബിവിപി. കൊവിഡ് ദുരന്തം കൊണ്ട് വലഞ്ഞ സാധാരണക്കാരനുള്ള ഇരുട്ടടിയാണ് ഇന്ധനവില വർധനവെന്ന് ഫേസ്ബുക്ക്  കുറിപ്പില്‍ എബിവിപി കേരള ഘടകം കുറ്റപ്പെടുത്തുന്നു.

‘പെട്രോളിന്റെയും പാചകവാതകത്തിന്‍റെയും വിലവർധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെ സാരമായി ബാധിക്കുകയാണ്. കോവിഡ്മൂലം വലയുന്ന ജനത്തിന് ഇരുട്ടടിയാണ് വിലവർധനവ്. പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തി വിലവർധനവ് പിടിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാവണം.’ എബിവിപി പറയുന്നു.

കേരളത്തിലും പെട്രോള്‍ വില സെഞ്ച്വറിയടിച്ചിരുന്നു . തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രീമിയം പെട്രോളിന് വില നൂറ് കടന്നു. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില കൂട്ടിയത്. കൊവിഡ് കാലത്തും മയമില്ലാതെ നടത്തുന്ന വിലവര്‍ധനവില്‍ വലയുകയാണ് പൊതുജനം. ഇതേരീതിയില്‍ വില ഉയര്‍ന്നാല്‍ സാധാരണ പെട്രോളും വൈകാതെ 100 കടക്കും. പെട്രോളിനോട് മല്‍സരിച്ച് കുതിച്ചുയരുന്ന ഡീസല്‍ വിലയും കുടുംബ ബജറ്റുകളെ തകിടം മറിക്കുകയാണ്.