കെപിസിസി പ്രസിഡന്‍റിനെതിരെ അധിക്ഷേപ കമന്‍റിട്ട് പോലീസ് ഉദ്യോഗസ്ഥന്‍; ഡിജിപിക്ക് പരാതി

Jaihind Webdesk
Monday, April 10, 2023

 

കണ്ണൂർ: കെപിസിസി പ്രസിഡന്‍റിനെ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി. സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എം.പി ഡിജിപിക്ക് പരാതി നൽകി. കണ്ണൂർ റൂറൽ ക്രൈം ബ്രാഞ്ചിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ശശിധരൻ കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനാണ് സമൂഹമാധ്യമങ്ങളിൽ കെപിസിസി പ്രസിഡന്‍റിന് എതിരായി പോസ്റ്റിട്ടത്.

രാഷ്ട്രീയ ചായ്‌വുള്ളതും പൊതുജനമധ്യത്തിൽ തന്‍റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ള ഫേസ്ബുക്ക് കമന്‍റിന് എതിരായാണ് കെപിസിസി പ്രസിഡന്‍റ് ഡിജിപിക്ക് പരാതി നൽകിയത്. സർവീസിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കണം എന്നതാണ് സംസ്ഥാന സർക്കാരിന്‍റെ സർവീസ് ചട്ടം. എന്നാൽ ഇതിന് വിരുദ്ധമായാണ് എഎസ്ഐ യുടെ എഫ്ബി കമന്‍റ്. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തു നിന്നുണ്ടായതെന്നും അതിനെതിരെ കർശനമായ നടപടി ഉണ്ടാകണമെന്നും കെ സുധാകരൻ എംപി പരാതിയിൽ ആവശ്യപ്പെട്ടു.