ദുബായ് : യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ കോവിഡ് നിയന്ത്രണം വീണ്ടും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി, ജൂലൈ 19 മുതല്‍ രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതോടെ, പുതിയ നിയന്ത്രങ്ങളും പ്രാബല്യത്തിലാകും. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.
യു.എ. ഇയുടെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ ഇനി 24 മണിക്കൂറിനുള്ളിലെടുത്ത ഡി പി ഐ പരിശോധനയോ, 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് ഫലമോ ഹാജരാക്കണം. ഡി.പി.ഐ ടെസ്റ്റ് ഫലവുമായി അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ മൂന്നാം ദിവസവും, പി.സി.ആര്‍ എടുത്തവര്‍ നാലാം ദിവസവും വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം. ഡി.പി.ഐ ടെസ്റ്റ് എടുത്തിട്ട് , നിരന്തരം യാത്ര അനുവദിക്കില്ല. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്.
പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാനും നിയന്ത്രണം ഏര്‍പ്പെടുത്തി. ഷോപ്പിങ് മാളുകളില്‍ ശേഷിയുടെ 40 ശതമാനം പേര്‍ക്കും സിനിമാശാലകളില്‍ 30 ശതമാനം പേര്‍ക്കും മാത്രമായി പ്രവേശനം നിയന്ത്രിച്ചു. ബസുകളില്‍ അമ്പത് ശതമാനം പേര്‍ക്കേ യാത്ര ചെയ്യാനാകൂ. ടാക്‌സികളില്‍ മൂന്ന് പേര്‍ക്ക് മാത്രമേ യാത്ര അനുവദിക്കൂ എന്നും അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച്, രാത്രി 12ന് ശേഷം ആരും പുറത്തിറങ്ങാന്‍ പാടില്ലെന്ന് അബുദാബി ദുരന്ത നിവാരണ സമിതി അറിയിച്ചു.
ജൂലൈ 19 തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാവിലക്ക് നിയന്ത്രണം. യു എ ഇയില്‍ ബലിപെരുന്നാള്‍ അവധി ആരംഭിക്കുന്ന അന്നേ ദിവസമാണ് , നിയന്ത്രണവും നിലവില്‍ വരുന്നത്. ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വരുന്നവര്‍, അബൂദബി പൊലീസിന്റെ വെബ്‌സൈറ്റ് adpolice.gov.ae വഴി അനുമതി തേടിയിരിക്കണം. അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായാണ് സഞ്ചാര നിയന്ത്രണമെന്ന് അബൂദബി ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.