അബുദാബി-തിരുവനന്തപുരം എയര്‍ഇന്ത്യ എക്‌സ്പ്രസ് 22 മണിക്കൂറിലധികമായി വൈകുന്നു; പ്രായമായവരും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള വിമാനയാത്രക്കാര്‍ ദുരിതത്തില്‍

 

അബുദാബി : എയര്‍ഇന്ത്യ എക്‌സ്പ്രസിന്‍റെ അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം 22 മണിക്കൂറിലധികമായി വൈകുന്നതായി പരാതി. ഇതോടെ പ്രായമായവരും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പടെയുള്ളവര്‍ ദുരിതം നേരിടുകയാണെന്ന് വിമാനത്തിലെ യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിന്‍റെ സാങ്കേതിക തകരാറാണ് സര്‍വീസ് വൈകാന്‍ കാരണമെന്ന് അറിയുന്നു.

മെയ് 26 ന് വ്യാഴാഴ്ച രാത്രി 9.10 ന് അബുദാബി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഐ എക്‌സ് 538 എന്ന വിമാനമാണ് 22 മണിക്കൂറിലധികമായി വൈകുന്നത്. പലവട്ടം ഇതുസംബന്ധിച്ച സന്ദേശം യാത്രകാര്‍ക്ക് ലഭിച്ചെങ്കിലും വിമാനം എപ്പോള്‍ പുറപ്പെടാനാകുമെന്നത് ഇപ്പോഴും വ്യക്തമല്ല. എഴുപത് വയസ് പിന്നിട്ട യാത്രക്കാരും രോഗികളും സന്ദര്‍ശക വീസ കഴിഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്. അതിനാല്‍ തങ്ങള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പ്രായമായ ഡാനിയല്‍-അന്നമ്മ ദമ്പതികളുടെ മകന്‍ സന്തോഷ് ഡാനിയല്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഒരു ദിവസത്തോളമായി വൈകുന്ന വിമാനത്തിലെ യാത്രക്കാര്‍ക്ക് വിശ്രമം ഉള്‍പ്പടെയുള്ള ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ വിമാനക്കമ്പനി അധികാരികള്‍ തയാറായിട്ടില്ലെന്നും പരാതിയുണ്ട്. അതേസമയം യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്തു.

സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞ് മടങ്ങുന്ന നിവരധി പേരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരക്കാര്‍ക്ക് ഇനി പിഴ വരുമോയെന്ന ആശങ്കയും കുടുംബങ്ങള്‍ പങ്കുവെക്കുന്നു. യാത്രക്കാരെ രണ്ടുതരമായി തിരിച്ചാണ് സൗകര്യങ്ങള്‍ നല്‍കുന്നതെന്നും ആക്ഷേമുണ്ട്. യുഎഇ താമസ വിസയുള്ളവര്‍ക്ക് ഹോട്ടല്‍ സൗകര്യം ഒരുക്കിയെന്നും എന്നാല്‍ സന്ദര്‍ശക വിസ കഴിഞ്ഞ് മടങ്ങുന്ന പ്രായമായവരും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്ക് ഇത്തരം പരിഗണന ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. പുതിയ സമയക്രമം അനുസരിച്ച് വിമാനം വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തേയ്ക്ക് പറക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇപ്പോഴും ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

 

*images: file

Comments (0)
Add Comment