
അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോണ്‍ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. കെസാദ് മേഖലയില്‍ മാത്രം മൂന്ന് തവണയാണ് ആക്രമണ ശ്രമമുണ്ടായത്. സംഭവത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്കും ഒരു പാക്കിസ്ഥാന് സ്വദേശിക്കും പരിക്കേറ്റു.
ആക്രമണത്തെത്തുടര്‍ന്ന് മേഖലയിലെ രണ്ട് ഇടങ്ങളില്‍ തീപിടുത്തമുണ്ടായി. യു.എ.ഇ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും നിസ്സാരമായ മുറിവുകളാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ യു.എ.ഇയില്‍ മാത്രം ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 176 ആയി ഉയര്‍ന്നു.