അബുദാബി യാത്രാ വിലക്ക് ഒരാഴ്ച കൂടി നീട്ടി : ജൂണ്‍ 16 മുതല്‍ രണ്ടാംഘട്ട യാത്രാ നിയന്ത്രണം

Jaihind News Bureau
Monday, June 15, 2020

അബുദാബി : കൊവിഡ് പ്രത്യാഘാതം മൂലം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ അബുദാബിയില്‍, വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഇതനുസരിച്ച്, ജൂണ്‍ പതിനാറ് ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേയ്ക്ക് യാത്രാ നിയന്ത്രണം തുടരും. നേരത്തെ, ജൂണ്‍ രണ്ടു മുതലാണ് ഇത്തരത്തില്‍ വിലക്ക് നിയമം പ്രാബല്യത്തില്‍ വന്നത്.

അബുദാബി നഗരത്തിലും എമിറേറ്റിന്‍റെ ഭാഗമായ അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളിലും ഈ നിയന്ത്രണം തുടരും.   യുഎഇ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ അബുദാബി നിവാസികള്‍ക്കും ഇത് ബാധകമാണ്. അവശ്യ മേഖലകളിലെ ജീവനക്കാര്‍, ആശുപത്രികള്‍ സന്ദര്‍ശിക്കേണ്ട വിട്ടുമാറാത്ത രോഗങ്ങളുള്ള രോഗികള്‍, ആവശ്യ സാധനങ്ങളുടെ വാഹന ഗതാഗതം എന്നിവക്ക് പ്രത്യേക പെര്‍മിറ്റ് വഴി ഇളവുകള്‍ ലഭ്യമാണ്. അബുദാബി പൊലീസ്, അബുദാബി ആരോഗ്യവകുപ്പ്, അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി എന്നിവ സംയുക്തമായാണ് ഈ തീരുമാനം അറിയിച്ചത്.