ഐ.എസ് തലവന്‍ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് അമേരിക്ക. സിറിയയിലെ അമേരിക്കൻ സൈനിക നടപടിക്കിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന സൈനികനടപടിയില്‍ ബാഗ്ദാദിയുടെ പ്രധാന അനുനായികള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വടക്കുപടിഞ്ഞാറൻ സിറിയിയൽ ഇന്നലെ രാത്രി നടത്തിയ ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. അമേരിക്കൻ സൈന്യത്തെ കണ്ട് ഭയന്ന് തന്റെ മൂന്ന് കുട്ടികളുമായി ഒരു തുരങ്കത്തിനകത്തേക്ക് കടന്ന ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് പറയുന്നത്. കുട്ടികളും പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടുവെന്നും ട്രംപ് അറിയിച്ചു.
സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡോകളായ ഡെൽറ്റ ഫോഴ്സാണ് അമേരിക്കയുടെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയത്. ഡെല്‍റ്റ ഫോഴ്സിന്റെ ഓപ്പറേഷന് തത്സമയം വീക്ഷിച്ചെന്നും ബാഗ്ദാദിയുടെ അവസാന നിമിഷങ്ങള്‍ ഭീരുവിനെപ്പോലെയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ബാഗ്ദാദിയുടെ കേന്ദ്രത്തില്‍ നിന്നും 11 കുട്ടികളെ മോചിപ്പിച്ചെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയാണ്. 2010-ലാണ് ബാഗ്ദാദി ഐ.എസിന്റെ നേതാവാകുന്നത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു. ബാഗ്ദാദിയെ കൊലപ്പെടുത്താനോ പിടികൂടാനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ യു.എസ് പ്രഖ്യാപിച്ചിരുന്നു.