കോഴിക്കാേട്: കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്‍റെ കുടുംബം കടുത്ത പ്രതിഷേധത്തില്‍. എബ്രഹാമിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ മുടങ്ങിയിരിക്കുകയാണ്. മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ തന്നെയാണ്. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് 10 ലക്ഷം രൂപയാണ് സർക്കാർ നിലവിൽ നഷ്ടപരിഹാരം നൽകുന്നത്. ബന്ധുക്കളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇൻക്വസ്റ്റ് നടപടികളുമായി സഹകരിക്കില്ലെന്നും ബന്ധുക്കൾ അറിയിച്ചു.
അതേസമയം കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ദൗത്യസംഘം കക്കയത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഇൻക്വസ്റ്റ് നടപടികള്‍ക്കോ മറ്റോ മൃതദേഹം എടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് കുടുംബം. എബ്രഹാമിന്‍റെ മരണത്തില്‍ കൂരാച്ചുണ്ടില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.