പതിനായിരത്തോളം വിദ്യാർത്ഥികള്‍, ആകെയുള്ളത് 89 സീറ്റ്; മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധി

 

മലപ്പുറം: പ്ലസ് വണ്‍ ആദ്യ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചപ്പോഴും മലപ്പുറത്ത് പ്രതിസന്ധി തുടരുന്നു. പതിനായിരത്തിലധികം കുട്ടികൾക്ക് ആകെയുള്ളത് 89 സീറ്റ് മാത്രം. സംസ്ഥാനത്താകെ ആദ്യ അലോട്ട്‌മെന്‍റില്‍ പ്രവേശനം നേടിയത് 30,245 വിദ്യാര്‍ത്ഥികളാണ്. മലപ്പുറത്ത് ആദ്യ അലോട്ട്‌മെന്‍റില്‍ പ്രവേശനം ലഭിച്ചത് 6,999 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്. 9,880 വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പുറത്താണ്. നിലവിലെ കണക്ക് പ്രകാരം മലപ്പുറത്ത് 89 മെറിറ്റ് സീറ്റുകള്‍ കൂടിയെ ബാക്കി ഉള്ളൂ.

പാലക്കാട് 8,139 അപേക്ഷകരില്‍ പ്രവേശനം ലഭിച്ചത് 2,643 പേര്‍ക്കും കോഴിക്കോട് 7,192 അപേക്ഷകരില്‍ പ്രവേശനം ലഭിച്ചത് 3,342 പേര്‍ക്കുമാണ്. കോഴിക്കോട് 3,850 ഉം പാലക്കാട് 5,490 ഉം കുട്ടികള്‍ക്കും ഇതുവരെ അഡ്മിഷന്‍ ആയിട്ടില്ല. അതേസമയം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒഴികെ സംസ്ഥാനത്തെ ഒമ്പതു ജില്ലകളിലും അപേക്ഷകരെക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ മെറിറ്റ് സീറ്റ് ഉണ്ട്. അണ്‍ എയ്ഡഡ് വിഭാഗം കൂടി പരിഗണിക്കുമ്പോള്‍ ഈ ജില്ലകളിലും അപേക്ഷകരെക്കാള്‍ കൂടുതല്‍ സീറ്റുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഘട്ടത്തില്‍ സീറ്റെണ്ണത്തില്‍ കുറവുണ്ടായിരുന്നത് തിരുവനന്തപുരത്തായിരുന്നു. എന്നാല്‍ ഇത്തവണ അപേക്ഷകരേക്കാള്‍ കൂടുതല്‍ മെറിറ്റ് സീറ്റ് ജില്ലയിലുണ്ട്. സപ്ലിമെന്‍ററി ഘട്ടത്തില്‍ ഇനി രണ്ട് അലോട്ട്‌മെന്‍റ് കൂടിയുണ്ടാകും. രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനുള്ള വിശദാംശങ്ങള്‍ ജൂലൈ 12-ന് പ്രസിദ്ധീകരിക്കും.

Comments (0)
Add Comment