വീസ തട്ടിപ്പില്‍ നാന്നൂറോളം മലയാളി നഴ്‌സുമാർ യുകെയില്‍ കുടുങ്ങിക്കിടക്കുന്ന വിഷയം; ഏജന്‍സികള്‍ക്കെതിരെ അടിന്തര നടപടി ഉറപ്പു നല്‍കി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസ്

Thursday, September 21, 2023

ന്യൂഡല്‍ഹി: വീസ തട്ടിപ്പില്‍ പെട്ട നാന്നൂറോളം മലയാളി നഴ്‌സുമാർ യുകെയില്‍ കുടുങ്ങിക്കിടക്കുന്ന വിഷയത്തില്‍ ഏജന്‍സികള്‍ക്കെതിരെ അടിന്തര നടപടി ഉറപ്പു നല്‍കി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസ്.
പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ പ്രതിനിധികള്‍ യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കോഓര്‍ഡിനേഷന്‍ മിനിസ്റ്റര്‍ ദീപക് ചൗധരി, സെക്കന്‍ഡ് സെക്രട്ടറി കോഓര്‍ഡിനേഷന്‍ സഞ്ചയ് കുമാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് നൽകിയത്.

പരാതികളിലെ വഞ്ചനാ കുറ്റം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൂടിക്കാഴ്ചയിലൂടെ സാധിച്ചതായി പ്രവാസി ലീഗല്‍ സെല്‍ യുകെ കോഓര്‍ഡിനേറ്റര്‍ അഡ്വ.സോണിയ സണ്ണി പറഞ്ഞു. വിസ തട്ടിപ്പിനെതിരെ സമൂഹത്തില്‍ ബോധവല്‍ക്കരണം ഉള്‍പ്പടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്‍റെ അനിവാര്യതയിലേക്കാണ് നിലവിലുള്ള സാഹചര്യം വിരല്‍ ചൂണ്ടുന്നതെന്ന് ചര്‍ച്ചയില്‍ ദീപക് ചൗധരി വ്യക്തമാക്കി.

യുകെയില്‍ വിസ തട്ടിപ്പിന് ഇരകളായി നന്നൂറോളം മലയാളികള്‍ വിവിധ സ്ഥലങ്ങളില്‍ ദുരിതത്തിലാണെന്നു ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വ.ജോസ് ഏബ്രഹാമിന്‍റെയും (അഡ്വക്കറ്റ് ഓൺ റെക്കോർഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ ), അഡ്വ. സോണിയ സണ്ണിയുടെയും നേതൃത്വത്തില്‍ കേന്ദ്ര വിദേശകാര്യ വകുപ്പിന് ഉള്‍പ്പടെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയം ശ്രദ്ധയില്‍ പെട്ട ഹൈക്കമ്മിഷന്‍ ഓഫിസ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികളെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചത്. യോഗത്തില്‍ പ്രവാസി ലീഗല്‍ സെല്ലിനു വേണ്ടി അഡ്വ.സോണിയ സണ്ണി, ശ്രീജിത്ത് മോഹന്‍, പ്രവീണ്‍ കുര്യന്‍ ജോര്‍ജ്, ശ്രീജിത്ത് ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

സൗദിയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിട് കാലത്ത് റദ്ദു ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്ക് അനുകൂലമായി നിരവധി കോടതി വിധികൾ നേടിയെടുത്തിട്ടുള്ള സംഘടനകൂടിയാണ് പ്രവാസി ലീഗൽ സെൽ.കൂടാതെ പ്രവാസി മലയാളികൾക്ക് നോർക്കയിൽ അൻപത് ശതമാനം സംവരണം വേണമെന്നും പി എൽ സി കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള അർഹരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മനുഷ്യക്കടത്ത് പോലുള്ള വിഷയങ്ങളിലും ശക്തമായ ഇടപെടലുകൾ സംഘടന നടത്തിവരുന്നു..വളരെ വേഗത്തിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായി പി എൽ സി സൗദി കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂർ, ഗ്ലോബൽ പ്രതിനിധി സുധീർ തിരിനിലത്ത്, ജനറൽ സെക്രട്ടറി അഡ്വ. മുരളീധരൻ, ദുബായ് പ്രസിഡന്റ് റ്റി എൻ കൃഷ്ണകുമാർ,വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്റർ ഹാജറാബി വലിയകത്ത് എന്നിവർ പറഞ്ഞു.