വീഡിയോ കോളില്‍ അമ്മയെ കണ്ട് അബിഗേല്‍; നന്ദി പറഞ്ഞ് കുട്ടിയുടെ കുടുംബം

Jaihind Webdesk
Tuesday, November 28, 2023

 

കൊല്ലം: എല്ലാവർക്കും നന്ദി പറഞ്ഞ് ഓയൂരില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറ റെജിയുടെ കുടുംബം. അമ്മയെ കാണണമെന്നായിരുന്നു അബിഗേല്‍ ആദ്യം ആവശ്യപ്പെട്ടത്. ഇതോടെ കൊല്ലം ഈസ്റ്റ് പോലീസ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിക്ക് അമ്മയെ വീഡിയോ കോളില്‍ വിളിച്ചുനല്‍കി. കുട്ടിയെ കണ്ടതോടെ അമ്മയുടെയും ബന്ധുക്കളുടെയും സന്തോഷം അണപൊട്ടി. വീഡിയോ കോളില്‍ വാക്കുകള്‍ കിട്ടാതെ വിതുമ്പിയ അമ്മ സിജി കുഞ്ഞിനെ ഉമ്മകള്‍ കൊണ്ടു പൊതിഞ്ഞു. 21 മണിക്കൂർ നീണ്ട അനിശ്ചിതത്വം സന്തോഷത്തിന് വഴിമാറിയ ആശ്വാസത്തിലാണ് കേരളം.

ഇനി പ്രതികളെ പിടികൂടുക എന്ന ദൗത്യമാണ് പോലീസിന് മുന്നിലുള്ളത്. ഒരാളുടെ രേഖാചിത്രം തയാറാക്കിയിട്ടുണ്ട്. പ്രതികള്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള വഴികളിലൂടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അതിർത്തികളില്‍ ഉള്‍പ്പെടെ ശക്തമായ പരിശോധനയാണ് നടത്തുന്നത്. കേരളത്തിന്‍റെ മനസാക്ഷിയെ നടുക്കിയ സംഭവത്തിന്‍റെ സൂത്രധാരരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.