കൊല്ലം: നാടിനേയും സമൂഹ മനസാക്ഷിയേയും ഏറെ നൊമ്പരപ്പെടുത്തി കടന്നുപോയ അഭിരാമിക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തകൊല്ലം ശൂരനാട് സ്വദേശിനിയായ അഭിരാമിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവത്തിൽ കേരള ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടിൽ കൊണ്ടുവന്ന മൃതദേഹത്തിൽ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. സഹപാഠികളും നാട്ടുകാരുമൊക്കെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നാടിന്‍റെ നൊമ്പരമായി മാറിയ അഭിരാമിക്ക് അന്ത്യയാത്രാമൊഴിയേകിയത്.
നേരത്തെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ബാങ്കിനു മുന്നിൽ പ്രതിഷേധമുയർത്തിയിരുന്നു. വിവിധ സംഘടനകൾ കേരള ബാങ്കിന്‍റെ പതാരം ശാഖയിലേക്ക് പ്രതിഷേധ സമരങ്ങൾ നടത്തി. വായ്പാ തിരിച്ചവിന് കുറച്ച് ദിവസത്തെ സാവകാശം തേടിയിരിക്കുന്നതിനിടയിലാണ് ഇന്നലെ അഭിരാമിയുടെ വീട്ടിൽ ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചത്. ഇതിൽ മനം നൊന്ത് കുട്ടി
ആത്മഹത്യ ചെയ്യുകയായിരുന്നു.
സർക്കാരിന്‍റെ തലതിരിഞ്ഞ സഹകരണ നയങ്ങളുടെ ഇരയാണ് അഭിരാമിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി പറഞ്ഞു. ജപ്തി നടപടി സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് വിവിധ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.