മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. കൊല്‍ക്കത്തയില്‍ എഐസിസി ഇന്‍-ചാര്‍ജ് ഗുലാം അഹമ്മദ് മിറിന്റെയും മറ്റ് സംസ്ഥാന നേതാക്കളുടെയും സാന്നിധ്യത്തില്‍ അഭിജിത് ഔദ്യോഗികമായി പാര്‍ട്ടിയില്‍ വീണ്ടും ചേര്‍ന്നു. 2021 ല്‍ കോണ്‍ഗ്രസ് വിട്ട അഭിജിത് തൃണമൂല്‍ കോണ്‍ഗ്രസില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചതിനു ശേഷമാണ് മടങ്ങിയെത്തിയത്. ‘സ്വന്തം വീട്ടില്‍ തിരിച്ചെത്തി’ എന്നാണ് വിശേഷിപ്പിച്ചത്. സഹോദരി ശര്‍മിഷ്ഠ മുഖര്‍ജി കോണ്‍ഗ്രസിനെയും അതിന്റെ നേതാക്കളെയും വിമര്‍ശിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് അഭിജിത്തിന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ്.
സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം കണക്കിലെടുക്കുമ്പോള്‍ പാര്‍ട്ടിയില്‍ വീണ്ടും ചേരുന്നത് രാഷ്ട്രീയമായി ശരിയായ നീക്കമാണോ എന്ന് ചോദിച്ചപ്പോള്‍, കോണ്‍ഗ്രസിന്റെ സാഹചര്യം എന്താണെന്നത് പ്രശ്‌നമല്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വ്യക്തിപരമായ ഒരു കാരണത്താലാണ് ഞാന്‍ അവിടെ പോയത്, വെളിപ്പെടുത്താന്‍ പക്ഷേ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അഭിജിത്തിന്റെ തിരിച്ചുവരവ് സംസ്ഥാന ഘടകത്തിന് ഉത്തേജനം നല്‍കുമെന്ന് ബംഗാള്‍ പിസിസി അദ്ധ്യക്ഷന്‍ സുധാകര്‍ ശങ്കര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രത്യയശാസ്ത്രവുമായി യോജിക്കുന്ന ആളുകള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
2012-ലെ ജാംഗിപൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അഭിജിത് 2,536 വോട്ടുകള്‍ക്ക് വിജയിച്ചു സിപിഐ(എം) എതിരാളിയായ മുസാഫര്‍ ഹുസൈനെയാണ് പരാജയപ്പെടുത്തിയത്. 2014-ല്‍ ജാംഗിപൂരില്‍ നിന്ന് അഭിജിത് വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019-ലെ തിരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥി ഖലീലൂര്‍ റഹ്മാനോട് അദ്ദേഹം പരാജയപ്പെട്ടു. തുടര്‍ന്ന് 2021ല്‍ കോണ്‍ഗ്രസ് വിട്ടു തൃണമൂലില്‍ ചേര്‍ന്നു.